Monday, 31 March 2008

അബൂരി യാത്രാക്ഷീണങ്ങള്‍

ഇരുണ്ട ഭൂഖണ്ഢത്തിലെ ഒരു ക്രിസ്തുമസ്‌ ദിനത്തിലാണു ഞങ്ങള്‍ക്ക്‌ ഒരു ടൂര്‍ പോകണം എന്ന കലശ്ശലായ ചിന്ത ഉണ്ടായത്‌...അന്ന് ആഫ്രിക്കയിലേക്ക്‌ വന്ന സമയം, ബാച്ചി ജീവിതം..."ടാ കൂവെ ചന്ദ്രനില്‍ പോകാന്‍ വരുന്നോടാ" എന്നു ചോദിച്ചാല്‍..എന്നാ പിന്നെ സൂര്യനേം കൂടി കണ്ടിട്ടു വരാം എന്നു പറയുന്ന പ്രായം..
പോകാന്‍ അധികം സ്ഥലങ്ങള്‍ ഒന്നും ഇല്ലാത്തതു കൊണ്ടു അധികം ചിന്തിക്കേണ്ടി വന്നില്ല..ആകെ രണ്ടു മൂന്നു ബീച്ചും, കുറച്ചു വെള്ളച്ചാട്ടങ്ങളും, പിന്നെ രണ്ടു ബൊട്ടാനിക്കല്‍ ഗാര്‍ഡനുകളും ആണു അക്രയില്‍ ആകെ ഉള്ളതു..ബാച്ചികളായ ഞങ്ങള്‍ ബീച്ചില്‍ ഒത്തിരി കറങ്ങിയതു കൊണ്ട്‌ ഇപ്രാവശ്യത്തെ യാത്ര ഒരു ബൊട്ടാനിക്കല്‍ ഗാര്‍ഡനിലേക്കാകാമെന്ന് ഐക്യകണ്ഢേന തീരുമാനിച്ചു..അടുത്തുള്ളതും യാത്രക്ക്‌ അല്‍പം സുഖമുള്ളതുമായ "അബൂരി" ഗാര്‍ഡന്‍ അങ്ങിനെ ഞങ്ങളുടെ പാദസ്പര്‍ശമേല്‍ക്കാന്‍ തയ്യാറായി..
നാട്ടിലെ പോലെ ക്രിസ്തുമസ്‌ ആകുമ്പോള്‍ ബിവറേജസ്‌ അടക്കുന്ന ശീലം ഘാനിയന്‍സിനു ഇല്ലാത്തതു കൊണ്ടും പെട്ടിപ്പീടികയില്‍ വരെ മദ്യം കിട്ടുമെന്നതിനാലും ആ വിഷയത്തെ പറ്റി"കിം ചിന്തതി"(അതിനെ പറ്റി ആലോചിച്ചില്ല എന്നാണു ഉദ്ദേശിച്ചത്‌) എന്തായാലും രാവിലെ കുറെ കപ്പ, ബീഫ്‌ കറി, അച്ചാറുകള്‍ എന്നിവയുമായി ഞങ്ങള്‍ പഞ്ചപാണ്ടവന്മാര്‍ ഒരാറു പേര്‍ 2 കാറുകളിലായി യാത്ര തിരിച്ചു...വഴിയില്‍ നിന്നും ആവശ്യത്തിനു സ്പിരിറ്റും കേറ്റി..വഴിയിലെങ്ങാനും ഇനി ആര്‍ക്കെങ്കിലും ഒരു ഒപറേഷന്‍ വേണമെങ്കില്‍ ഇനി സ്പിരിറ്റ്‌ തപ്പി പോകണ്ടല്ലോ എന്ന സദുദ്ദേശം മാത്രമെ അതിലുണ്ടായിരുന്നുള്ളൂ..
ന്നാലും ഒണക്കമീന്റെ പാത്രം അടുക്കളേല്‍ ഇരിക്കുമ്പോള്‍ പൂച്ച എത്ര നേരം സീരിയലു കാണും..കാരണവന്മാര്‍ക്കു പോലും ഒരു തുള്ളി ഉറ്റിക്കാതെ വൈപ്പിന്‍ ദ്വീപില്‍ വാട്ടര്‍ ടാങ്ക്‌ വന്നതുപോലെ എല്ലാവരും "ലത്‌" വെച്ച കാറിനു ചുറ്റും കൂടി നിമിഷനേരം കൊണ്ട്‌ അക്ര ബ്രിവറിക്കാര്‍ക്ക്‌ ഇനി ആ കുപ്പികളില്‍ നിറക്കണമെങ്കില്‍ കഴുകുകയേ വേണ്ട എന്ന രീതിയില്‍ ആക്കി കൊടുത്തു.നോമും "ചൂടന്‍" അടിക്കില്ലെങ്കിലും അസാരം തണുത്തത്‌ അടിച്ച്‌ ഇന്ന് ഇവന്മാരുടെ കയ്യില്‍ നിന്നു മേടിച്ചേ ഞാന്‍ പോകൂ എന്ന അവസ്ഥയിലേക്ക്‌ വളരെപ്പെട്ടന്ന് എത്തിച്ചേര്‍ന്നു..ബീഫില്‍ കയ്യിട്ടു വാരിയും, അച്ചാറില്‍ കയ്യിട്ടവന്റെ കയ്യില്‍ കടിച്ചും യാത്ര തുടര്‍ന്നു..
അച്ചിമോട്ട എന്ന സര്‍ക്കിള്‍ എത്തിയപ്പോള്‍ മുന്‍പേ പോയ വണ്ടി കാണുന്നില്ല.വഴിയാണെങ്കില്‍ അവന്മാര്‍ക്കെ അറിയൂ താനും..മാത്രമല്ല പുതിയതായി ഉണ്ടാക്കിയ സര്‍ക്കിള്‍ ആയതു കൊണ്ട്‌ ഡയറക്ഷന്‍ ബോര്‍ഡുകള്‍ ഒന്നും വച്ചിട്ടും ഇല്ല.. കുറച്ചു നേരം കറങ്ങിയപ്പോള്‍ ഞങ്ങള്‍ വന്നവഴി തന്നെ രണ്ടു മൂന്നു പ്രാവശ്യം കണ്ടതല്ലാതെ പുറത്തോട്ടുള്ള വഴികാണാന്‍ പറ്റിയില്ല. അപ്പോളാണു സര്‍ക്കിളില്‍ തന്നെയുള്ള ഒരു ഫില്ലിംഗ്‌ സ്റ്റേഷന്‍ നമ്മുടെ കണ്ണില്‍ പെട്ടത്‌..തലയില്‍ ആ പൂസിലും എനിക്ക്‌ ഐഡിയ കത്തി..എന്താന്നറിയില്ല ഇങ്ങനൊള്ള പുത്തികള്‍ അടിയനു പെട്ടന്ന് വരും.."വണ്ടി പമ്പിലോട്ടു കേറ്റടാ" ഒരു അലര്‍ച്ചയായിരുന്നു..എന്നെക്കാളും 5 വയസു മൂത്ത സിജിച്ചായനായിരുന്നു വണ്ടി ഓടിച്ചിരുന്നത്‌..മൂരിക്കുണ്ടന്‍ ചുവപ്പു തുണി കണ്ടപോലെ അച്ചായന്‍ ഒന്നു തിരിഞ്ഞു നോക്കി...പെണ്ണും പിള്ളെ വിളിച്ച ഫോണ്‍ പോലീസ്‌ സ്റ്റേഷനിലേക്ക്‌ പോയവനെ പോലെ ആയി എന്റെ മുഖം.."വണ്ടി എന്നാല്‍ നമുക്ക്‌ പമ്പിലോട്ട്‌ കേറ്റാം അല്ലെ അച്ചായാ?" ഹൊ !എന്നെ പോലെ ഒരു വിനയന്‍ അപ്പോള്‍ ലോകത്ത്‌ കാണത്തില്ല..എന്തിനാ വെറുതെ ആ അച്ചായന്റെ മസിലിനു ജോലിയുണ്ടാക്കുന്നെ...അച്ചായന്റെ കയ്യിലെങ്ങാനും കിട്ടിയാരുന്നേല്‍ ബിന്‍ ലാദന്റെ കയ്യില്‍ ബുഷിനെ കിട്ടിയാല്‍ ഉള്ളതിനെക്കാള്‍ മോശമായ അവസ്ഥയാകും എന്റേത്‌..
എന്തായാലും അച്ചായന്‍ വണ്ടി ഫില്ലിംഗ്‌ സ്റ്റേഷനില്‍ കയറ്റി. ഞങ്ങള്‍ ഓരോരുത്തരായി വണ്ടിയില്‍ നിന്നും ചാടി ഇറങ്ങി..ഘാനിയന്‍ ഇംഗ്ലീഷ്‌ സാധാരണ ഇംഗ്ലീഷില്‍ നിന്നും കുറച്ചു വ്യത്യസ്ഥമാണു. അതുകൊണ്ട്‌ പലപ്പൊഴും അവര്‍ പറയുന്നത്‌ നമ്മള്‍ക്കും നമ്മള്‍ പറയുന്നത്‌ അവര്‍ക്കും മനസ്സിലാകാറില്ല..."കൊമ്പ്യുട്ടര്‍", കൊണ്ടൈനര്‍ അങ്ങിനെ ഒരു വ്യത്യസ്ഥമായ അല്ലെങ്കില്‍ ശരിയായ ഉച്ചാരണം ആണൂ അവരുടെത്‌..അച്ചായനും, അജിതും ഓഫീസ്‌ വര്‍ക്ക്‌ ആയതു കൊണ്ട്‌ പബ്ലികുമായി അവര്‍ക്ക്‌ വല്യ ബന്ധം ഇല്ല. മാര്‍കറ്റിംഗ്‌ ആയതു കൊണ്ട്‌ നുമ്മ പലപ്പൊഴും അവര്‍ക്ക്‌ മുന്‍പില്‍ വിലസും...നമുക്കു വീണ്ടും ഫില്ലിംഗ്‌ സ്റ്റേഷനില്‍ പോകാം.. വണ്ടിയില്‍ നിന്നിറങ്ങി ഞങ്ങള്‍ അവിടുത്തെ സ്റ്റാഫുകളോട്‌ വഴി തിരക്കാന്‍ തുടങ്ങി..അച്ചായനും അജിത്തും ആദ്യം പോയി ചോദിച്ചു..അവര്‍ ചോദിച്ചതൊന്നും കാപ്പിരികള്‍ക്ക്‌ മനസ്സിലായില്ല..ഞാനാണെങ്കില്‍ ബിയര്‍ മൂക്കറ്റം കേറ്റിയിട്ട്‌ ഏമ്പക്കം പോകാതെ വയറു തടവി ഒരു സൈഡില്‍ നില്‍ക്കുകയാണു..അപ്പോഴാണു വഴി ചോദിക്കാന്‍ പോയവര്‍ നിരാശരായി മടങ്ങി വരുന്നത്‌.. ഷൈന്‍ ചെയ്യാന്‍ കിട്ടിയ അവസരം...ഇവന്മാര്‍ ഇവിടെ വന്നിട്ട്‌ 1 വര്‍ഷം ആയി എന്നിട്ടും പറ്റാത്തത്‌ 2 മാസം മാത്രമായ നോം സാധിച്ചാല്‍ അതുപോരെ...അജിത്തിനെ നോക്കി " വാടാ ഞാന്‍ ചോദിക്കാം" എന്നു പറഞ്ഞു വിളിച്ചു കൊണ്ടു പോയി..രണ്ടുമൂന്നു കാപ്പിരികള്‍ നില്‍ക്കുന്നതിന്റെ അടുത്തു പോയി അസിസ്റ്റന്റ്‌ കാപ്പിരി പറഞ്ഞു തന്ന ഗ്രീറ്റിങ്ങ്സ്‌ പറഞ്ഞു"മാസ്തര്‍, എത്തിസേ"(ഹൗ ആര്‍ യു)അവര്‍ തിരിച്ചും അഭിവാദ്യം ചെയ്തു..ഞാന്‍ തിരിഞ്ഞു അച്ചായനെയും അജിത്തിനെയും കടയിലെ വളിച്ച സാമ്പാര്‍ മൊത്തം നാട്ടുകാരെ കൊണ്ടു തീറ്റിച്ച കടക്കാരന്റെ സന്തോഷത്തോടെ നോക്കി..അവരും അന്തം വിട്ടു നില്‍ക്കുന്നു.."ലിവന്‍ പുലിയായിരുന്നല്ലേ" എന്ന ഭാവത്തില്‍..പക്ഷെ അതു കൊണ്ടു കാര്യമില്ലല്ലോ..വഴി അറിയണ്ടെ..അറിയാവുന്ന രീതിയിലൊക്കെ ഇംഗ്ലീഷ്‌ വളച്ചൊടിച്ച്‌ ഞാന്‍ അവരോട്‌ വഴി ചോദിച്ചു.."കിം ഫലം" അങ്ങിനെ വിടാന്‍ പറ്റുമോ..കുറച്ചു മുന്‍പേ ഫ്രീ ആയി കിട്ടിയ ഇമേജ്‌ എന്നാ ഞാന്‍ പോട്ടെ? എന്ന മട്ടില്‍ നില്‍ക്കുകയാണു..വീണ്ടും അറിയാവുന്ന കാപിരി ദൈവങ്ങളെ എല്ലാം ധ്യാനിച്ച്‌..വളക്കാനും ചരിക്കാനും പറ്റുന്നിടത്തോളം ചെയ്ത ഇംഗ്ലീഷ്‌ കൊണ്ട്‌ കാപ്പിരികളുമായി വഴിക്കു വേണ്ടി ഏറ്റുമുട്ടി.."വിച്ച്‌ വേ വീ കാന്‍ ഗോ റ്റു അബൂരി?"പെട്ടന്ന് ഒരു കാപ്പിരിക്ക്‌ എന്തോ മനസ്സിലായി.."ഓ മാസ്താ, പ്ലീസ്‌ കൊം, ഐ ഗൊ ഷോ യു ദി വേ" എന്നു പരഞ്ഞ്‌ എന്നെ വിളിച്ചു..എന്റെ അത്തിപാറ അമ്മച്ചീ നീ മാനം കാത്തു.."കണ്ടോടാ" എന്ന മട്ടില്‍ അച്ചായനെയും അജിത്തിനെയും ഒന്നു നോക്കി...ഇവനിതെങ്ങിനെ പറ്റിച്ചു എന്ന മട്ടില്‍ നില്‍ക്കുകയാണു അവര്‍.."വാ ഈ കാപ്പിരി വഴികാട്ടിത്തരും ശരിക്ക്‌ മനസ്സിലാക്കിക്കോ, ഇനി വഴിയില്‍ ഒന്നും എന്നെക്കൊണ്ട്‌ ചോദിക്കാന്‍ പറ്റില്ല"എന്ന് പറഞ്ഞു ഗമയില്‍ കാപ്പിരിയുടെ പുറകെ നടന്നു..കാപ്പിരി റോഡിലേക്ക്‌ നടക്കുന്നതിനു പകരം ഓഫീസിലേക്ക്‌ നടക്കുന്നു..ചിലപ്പോള്‍ പേപ്പറില്‍ വരച്ചു കാണിക്കാനായിരിക്കും..കുറച്ചു ദൂരം നടന്ന കാപ്പിരി നിന്നിട്ട്‌ തിരിഞ്ഞു എന്നോടായി "മാസ്താ..ഗോ ദിസ്‌ വേ" എന്നു പറഞ്ഞു ശ്ശെടാ ഇവരുടെ ഓഫിസിനു അകത്തു കൂടിയാണോ അബൂരിക്ക്‌ പോകുന്നത്‌ എന്നാലോചിച്ച്‌ കാപ്പിരി കാണിച്ച്‌ സ്ഥലത്തേക്ക്‌ നോക്കി ആ അറ്റത്ത്‌ ഒരു മുറി അതിന്റെ മുകളില്‍ ഒരു ബോര്‍ഡും"ടോയ്‌ലെറ്റ്‌"..ബിയര്‍ ഗ്യാസ്‌ പോകാത്തതു കൊണ്ട്‌ എന്റെ വെപ്രാളവും വയറു തിരുമ്മിയുള്ള ചോദ്യങ്ങളും കേട്ടപ്പോള്‍ ആ കാപ്പിരി കരുതി ഞാന്‍ ഇന്ത്യന്‍ ഭാഷയില്‍ കക്കൂസില്‍ പോകണം എന്നു പറയുകയാണു എന്നു അതാണു ആ പാവം എനിക്ക്‌ "ടോയ്‌ലെറ്റ്‌" കാണിച്ചു തന്നത്‌..പിറകില്‍ നിന്ന് അച്ചായന്റെയും അജിത്തിന്റെയും ആര്‍ത്ത്‌ അട്ടഹസിച്ചുള്ള ചിരി മുഴങ്ങിയപ്പോള്‍ എന്തുപറ്റി എന്നറിയാതെ മിഴിച്ചു നില്‍ക്കുന്ന കാപ്പിരിയെ നോക്കി മനസ്സില്‍ അവന്റെ കുടുംബ പരമ്പരക്ക്‌ വരെ ചീത്ത വിളിച്ച്‌ തിരിഞ്ഞു നോക്കാതെ ഞാന്‍ ടോയ്‌ലെറ്റിലേക്ക്‌ നടന്നു....

5 comments:

വേതാളം.. said...

നന്നായിടുണ്ട് മാഷേ

പാരസിറ്റമോള്‍ said...

ഗെഡ്യേ തകര്‍ത്തല്ലോ

G.MANU said...

ഹഹ തകര്‍ത്തു
ലാസ്റ്റ് പാര്‍ട്ടില്‍ ചിരിച്ചു മതിയായി മാഷേ

കലക്ക് അടുത്ത പാര്‍ട്ട്

Anonymous said...

nice post. waiting for more stories from africa :)

പി.പി.Somarajan said...

നാട്ടുകാരാ...ശരിക്കും ഈ നാട്ടുകാരന്റെ നാടേതാ??? ആഫ്രിക്കന്‍ കഥകള്‍ കലക്കുന്നുണ്ട് :)