Monday, 31 March 2008

അബൂരി യാത്രാക്ഷീണങ്ങള്‍

ഇരുണ്ട ഭൂഖണ്ഢത്തിലെ ഒരു ക്രിസ്തുമസ്‌ ദിനത്തിലാണു ഞങ്ങള്‍ക്ക്‌ ഒരു ടൂര്‍ പോകണം എന്ന കലശ്ശലായ ചിന്ത ഉണ്ടായത്‌...അന്ന് ആഫ്രിക്കയിലേക്ക്‌ വന്ന സമയം, ബാച്ചി ജീവിതം..."ടാ കൂവെ ചന്ദ്രനില്‍ പോകാന്‍ വരുന്നോടാ" എന്നു ചോദിച്ചാല്‍..എന്നാ പിന്നെ സൂര്യനേം കൂടി കണ്ടിട്ടു വരാം എന്നു പറയുന്ന പ്രായം..
പോകാന്‍ അധികം സ്ഥലങ്ങള്‍ ഒന്നും ഇല്ലാത്തതു കൊണ്ടു അധികം ചിന്തിക്കേണ്ടി വന്നില്ല..ആകെ രണ്ടു മൂന്നു ബീച്ചും, കുറച്ചു വെള്ളച്ചാട്ടങ്ങളും, പിന്നെ രണ്ടു ബൊട്ടാനിക്കല്‍ ഗാര്‍ഡനുകളും ആണു അക്രയില്‍ ആകെ ഉള്ളതു..ബാച്ചികളായ ഞങ്ങള്‍ ബീച്ചില്‍ ഒത്തിരി കറങ്ങിയതു കൊണ്ട്‌ ഇപ്രാവശ്യത്തെ യാത്ര ഒരു ബൊട്ടാനിക്കല്‍ ഗാര്‍ഡനിലേക്കാകാമെന്ന് ഐക്യകണ്ഢേന തീരുമാനിച്ചു..അടുത്തുള്ളതും യാത്രക്ക്‌ അല്‍പം സുഖമുള്ളതുമായ "അബൂരി" ഗാര്‍ഡന്‍ അങ്ങിനെ ഞങ്ങളുടെ പാദസ്പര്‍ശമേല്‍ക്കാന്‍ തയ്യാറായി..
നാട്ടിലെ പോലെ ക്രിസ്തുമസ്‌ ആകുമ്പോള്‍ ബിവറേജസ്‌ അടക്കുന്ന ശീലം ഘാനിയന്‍സിനു ഇല്ലാത്തതു കൊണ്ടും പെട്ടിപ്പീടികയില്‍ വരെ മദ്യം കിട്ടുമെന്നതിനാലും ആ വിഷയത്തെ പറ്റി"കിം ചിന്തതി"(അതിനെ പറ്റി ആലോചിച്ചില്ല എന്നാണു ഉദ്ദേശിച്ചത്‌) എന്തായാലും രാവിലെ കുറെ കപ്പ, ബീഫ്‌ കറി, അച്ചാറുകള്‍ എന്നിവയുമായി ഞങ്ങള്‍ പഞ്ചപാണ്ടവന്മാര്‍ ഒരാറു പേര്‍ 2 കാറുകളിലായി യാത്ര തിരിച്ചു...വഴിയില്‍ നിന്നും ആവശ്യത്തിനു സ്പിരിറ്റും കേറ്റി..വഴിയിലെങ്ങാനും ഇനി ആര്‍ക്കെങ്കിലും ഒരു ഒപറേഷന്‍ വേണമെങ്കില്‍ ഇനി സ്പിരിറ്റ്‌ തപ്പി പോകണ്ടല്ലോ എന്ന സദുദ്ദേശം മാത്രമെ അതിലുണ്ടായിരുന്നുള്ളൂ..
ന്നാലും ഒണക്കമീന്റെ പാത്രം അടുക്കളേല്‍ ഇരിക്കുമ്പോള്‍ പൂച്ച എത്ര നേരം സീരിയലു കാണും..കാരണവന്മാര്‍ക്കു പോലും ഒരു തുള്ളി ഉറ്റിക്കാതെ വൈപ്പിന്‍ ദ്വീപില്‍ വാട്ടര്‍ ടാങ്ക്‌ വന്നതുപോലെ എല്ലാവരും "ലത്‌" വെച്ച കാറിനു ചുറ്റും കൂടി നിമിഷനേരം കൊണ്ട്‌ അക്ര ബ്രിവറിക്കാര്‍ക്ക്‌ ഇനി ആ കുപ്പികളില്‍ നിറക്കണമെങ്കില്‍ കഴുകുകയേ വേണ്ട എന്ന രീതിയില്‍ ആക്കി കൊടുത്തു.നോമും "ചൂടന്‍" അടിക്കില്ലെങ്കിലും അസാരം തണുത്തത്‌ അടിച്ച്‌ ഇന്ന് ഇവന്മാരുടെ കയ്യില്‍ നിന്നു മേടിച്ചേ ഞാന്‍ പോകൂ എന്ന അവസ്ഥയിലേക്ക്‌ വളരെപ്പെട്ടന്ന് എത്തിച്ചേര്‍ന്നു..ബീഫില്‍ കയ്യിട്ടു വാരിയും, അച്ചാറില്‍ കയ്യിട്ടവന്റെ കയ്യില്‍ കടിച്ചും യാത്ര തുടര്‍ന്നു..
അച്ചിമോട്ട എന്ന സര്‍ക്കിള്‍ എത്തിയപ്പോള്‍ മുന്‍പേ പോയ വണ്ടി കാണുന്നില്ല.വഴിയാണെങ്കില്‍ അവന്മാര്‍ക്കെ അറിയൂ താനും..മാത്രമല്ല പുതിയതായി ഉണ്ടാക്കിയ സര്‍ക്കിള്‍ ആയതു കൊണ്ട്‌ ഡയറക്ഷന്‍ ബോര്‍ഡുകള്‍ ഒന്നും വച്ചിട്ടും ഇല്ല.. കുറച്ചു നേരം കറങ്ങിയപ്പോള്‍ ഞങ്ങള്‍ വന്നവഴി തന്നെ രണ്ടു മൂന്നു പ്രാവശ്യം കണ്ടതല്ലാതെ പുറത്തോട്ടുള്ള വഴികാണാന്‍ പറ്റിയില്ല. അപ്പോളാണു സര്‍ക്കിളില്‍ തന്നെയുള്ള ഒരു ഫില്ലിംഗ്‌ സ്റ്റേഷന്‍ നമ്മുടെ കണ്ണില്‍ പെട്ടത്‌..തലയില്‍ ആ പൂസിലും എനിക്ക്‌ ഐഡിയ കത്തി..എന്താന്നറിയില്ല ഇങ്ങനൊള്ള പുത്തികള്‍ അടിയനു പെട്ടന്ന് വരും.."വണ്ടി പമ്പിലോട്ടു കേറ്റടാ" ഒരു അലര്‍ച്ചയായിരുന്നു..എന്നെക്കാളും 5 വയസു മൂത്ത സിജിച്ചായനായിരുന്നു വണ്ടി ഓടിച്ചിരുന്നത്‌..മൂരിക്കുണ്ടന്‍ ചുവപ്പു തുണി കണ്ടപോലെ അച്ചായന്‍ ഒന്നു തിരിഞ്ഞു നോക്കി...പെണ്ണും പിള്ളെ വിളിച്ച ഫോണ്‍ പോലീസ്‌ സ്റ്റേഷനിലേക്ക്‌ പോയവനെ പോലെ ആയി എന്റെ മുഖം.."വണ്ടി എന്നാല്‍ നമുക്ക്‌ പമ്പിലോട്ട്‌ കേറ്റാം അല്ലെ അച്ചായാ?" ഹൊ !എന്നെ പോലെ ഒരു വിനയന്‍ അപ്പോള്‍ ലോകത്ത്‌ കാണത്തില്ല..എന്തിനാ വെറുതെ ആ അച്ചായന്റെ മസിലിനു ജോലിയുണ്ടാക്കുന്നെ...അച്ചായന്റെ കയ്യിലെങ്ങാനും കിട്ടിയാരുന്നേല്‍ ബിന്‍ ലാദന്റെ കയ്യില്‍ ബുഷിനെ കിട്ടിയാല്‍ ഉള്ളതിനെക്കാള്‍ മോശമായ അവസ്ഥയാകും എന്റേത്‌..
എന്തായാലും അച്ചായന്‍ വണ്ടി ഫില്ലിംഗ്‌ സ്റ്റേഷനില്‍ കയറ്റി. ഞങ്ങള്‍ ഓരോരുത്തരായി വണ്ടിയില്‍ നിന്നും ചാടി ഇറങ്ങി..ഘാനിയന്‍ ഇംഗ്ലീഷ്‌ സാധാരണ ഇംഗ്ലീഷില്‍ നിന്നും കുറച്ചു വ്യത്യസ്ഥമാണു. അതുകൊണ്ട്‌ പലപ്പൊഴും അവര്‍ പറയുന്നത്‌ നമ്മള്‍ക്കും നമ്മള്‍ പറയുന്നത്‌ അവര്‍ക്കും മനസ്സിലാകാറില്ല..."കൊമ്പ്യുട്ടര്‍", കൊണ്ടൈനര്‍ അങ്ങിനെ ഒരു വ്യത്യസ്ഥമായ അല്ലെങ്കില്‍ ശരിയായ ഉച്ചാരണം ആണൂ അവരുടെത്‌..അച്ചായനും, അജിതും ഓഫീസ്‌ വര്‍ക്ക്‌ ആയതു കൊണ്ട്‌ പബ്ലികുമായി അവര്‍ക്ക്‌ വല്യ ബന്ധം ഇല്ല. മാര്‍കറ്റിംഗ്‌ ആയതു കൊണ്ട്‌ നുമ്മ പലപ്പൊഴും അവര്‍ക്ക്‌ മുന്‍പില്‍ വിലസും...നമുക്കു വീണ്ടും ഫില്ലിംഗ്‌ സ്റ്റേഷനില്‍ പോകാം.. വണ്ടിയില്‍ നിന്നിറങ്ങി ഞങ്ങള്‍ അവിടുത്തെ സ്റ്റാഫുകളോട്‌ വഴി തിരക്കാന്‍ തുടങ്ങി..അച്ചായനും അജിത്തും ആദ്യം പോയി ചോദിച്ചു..അവര്‍ ചോദിച്ചതൊന്നും കാപ്പിരികള്‍ക്ക്‌ മനസ്സിലായില്ല..ഞാനാണെങ്കില്‍ ബിയര്‍ മൂക്കറ്റം കേറ്റിയിട്ട്‌ ഏമ്പക്കം പോകാതെ വയറു തടവി ഒരു സൈഡില്‍ നില്‍ക്കുകയാണു..അപ്പോഴാണു വഴി ചോദിക്കാന്‍ പോയവര്‍ നിരാശരായി മടങ്ങി വരുന്നത്‌.. ഷൈന്‍ ചെയ്യാന്‍ കിട്ടിയ അവസരം...ഇവന്മാര്‍ ഇവിടെ വന്നിട്ട്‌ 1 വര്‍ഷം ആയി എന്നിട്ടും പറ്റാത്തത്‌ 2 മാസം മാത്രമായ നോം സാധിച്ചാല്‍ അതുപോരെ...അജിത്തിനെ നോക്കി " വാടാ ഞാന്‍ ചോദിക്കാം" എന്നു പറഞ്ഞു വിളിച്ചു കൊണ്ടു പോയി..രണ്ടുമൂന്നു കാപ്പിരികള്‍ നില്‍ക്കുന്നതിന്റെ അടുത്തു പോയി അസിസ്റ്റന്റ്‌ കാപ്പിരി പറഞ്ഞു തന്ന ഗ്രീറ്റിങ്ങ്സ്‌ പറഞ്ഞു"മാസ്തര്‍, എത്തിസേ"(ഹൗ ആര്‍ യു)അവര്‍ തിരിച്ചും അഭിവാദ്യം ചെയ്തു..ഞാന്‍ തിരിഞ്ഞു അച്ചായനെയും അജിത്തിനെയും കടയിലെ വളിച്ച സാമ്പാര്‍ മൊത്തം നാട്ടുകാരെ കൊണ്ടു തീറ്റിച്ച കടക്കാരന്റെ സന്തോഷത്തോടെ നോക്കി..അവരും അന്തം വിട്ടു നില്‍ക്കുന്നു.."ലിവന്‍ പുലിയായിരുന്നല്ലേ" എന്ന ഭാവത്തില്‍..പക്ഷെ അതു കൊണ്ടു കാര്യമില്ലല്ലോ..വഴി അറിയണ്ടെ..അറിയാവുന്ന രീതിയിലൊക്കെ ഇംഗ്ലീഷ്‌ വളച്ചൊടിച്ച്‌ ഞാന്‍ അവരോട്‌ വഴി ചോദിച്ചു.."കിം ഫലം" അങ്ങിനെ വിടാന്‍ പറ്റുമോ..കുറച്ചു മുന്‍പേ ഫ്രീ ആയി കിട്ടിയ ഇമേജ്‌ എന്നാ ഞാന്‍ പോട്ടെ? എന്ന മട്ടില്‍ നില്‍ക്കുകയാണു..വീണ്ടും അറിയാവുന്ന കാപിരി ദൈവങ്ങളെ എല്ലാം ധ്യാനിച്ച്‌..വളക്കാനും ചരിക്കാനും പറ്റുന്നിടത്തോളം ചെയ്ത ഇംഗ്ലീഷ്‌ കൊണ്ട്‌ കാപ്പിരികളുമായി വഴിക്കു വേണ്ടി ഏറ്റുമുട്ടി.."വിച്ച്‌ വേ വീ കാന്‍ ഗോ റ്റു അബൂരി?"പെട്ടന്ന് ഒരു കാപ്പിരിക്ക്‌ എന്തോ മനസ്സിലായി.."ഓ മാസ്താ, പ്ലീസ്‌ കൊം, ഐ ഗൊ ഷോ യു ദി വേ" എന്നു പരഞ്ഞ്‌ എന്നെ വിളിച്ചു..എന്റെ അത്തിപാറ അമ്മച്ചീ നീ മാനം കാത്തു.."കണ്ടോടാ" എന്ന മട്ടില്‍ അച്ചായനെയും അജിത്തിനെയും ഒന്നു നോക്കി...ഇവനിതെങ്ങിനെ പറ്റിച്ചു എന്ന മട്ടില്‍ നില്‍ക്കുകയാണു അവര്‍.."വാ ഈ കാപ്പിരി വഴികാട്ടിത്തരും ശരിക്ക്‌ മനസ്സിലാക്കിക്കോ, ഇനി വഴിയില്‍ ഒന്നും എന്നെക്കൊണ്ട്‌ ചോദിക്കാന്‍ പറ്റില്ല"എന്ന് പറഞ്ഞു ഗമയില്‍ കാപ്പിരിയുടെ പുറകെ നടന്നു..കാപ്പിരി റോഡിലേക്ക്‌ നടക്കുന്നതിനു പകരം ഓഫീസിലേക്ക്‌ നടക്കുന്നു..ചിലപ്പോള്‍ പേപ്പറില്‍ വരച്ചു കാണിക്കാനായിരിക്കും..കുറച്ചു ദൂരം നടന്ന കാപ്പിരി നിന്നിട്ട്‌ തിരിഞ്ഞു എന്നോടായി "മാസ്താ..ഗോ ദിസ്‌ വേ" എന്നു പറഞ്ഞു ശ്ശെടാ ഇവരുടെ ഓഫിസിനു അകത്തു കൂടിയാണോ അബൂരിക്ക്‌ പോകുന്നത്‌ എന്നാലോചിച്ച്‌ കാപ്പിരി കാണിച്ച്‌ സ്ഥലത്തേക്ക്‌ നോക്കി ആ അറ്റത്ത്‌ ഒരു മുറി അതിന്റെ മുകളില്‍ ഒരു ബോര്‍ഡും"ടോയ്‌ലെറ്റ്‌"..ബിയര്‍ ഗ്യാസ്‌ പോകാത്തതു കൊണ്ട്‌ എന്റെ വെപ്രാളവും വയറു തിരുമ്മിയുള്ള ചോദ്യങ്ങളും കേട്ടപ്പോള്‍ ആ കാപ്പിരി കരുതി ഞാന്‍ ഇന്ത്യന്‍ ഭാഷയില്‍ കക്കൂസില്‍ പോകണം എന്നു പറയുകയാണു എന്നു അതാണു ആ പാവം എനിക്ക്‌ "ടോയ്‌ലെറ്റ്‌" കാണിച്ചു തന്നത്‌..പിറകില്‍ നിന്ന് അച്ചായന്റെയും അജിത്തിന്റെയും ആര്‍ത്ത്‌ അട്ടഹസിച്ചുള്ള ചിരി മുഴങ്ങിയപ്പോള്‍ എന്തുപറ്റി എന്നറിയാതെ മിഴിച്ചു നില്‍ക്കുന്ന കാപ്പിരിയെ നോക്കി മനസ്സില്‍ അവന്റെ കുടുംബ പരമ്പരക്ക്‌ വരെ ചീത്ത വിളിച്ച്‌ തിരിഞ്ഞു നോക്കാതെ ഞാന്‍ ടോയ്‌ലെറ്റിലേക്ക്‌ നടന്നു....

Wednesday, 19 March 2008

കാപ്പിരികളുടെ നാട്ടില്‍(ഭാഗം 2)


വേര്‍ ദെ യു ഗൊ? സെക്യൂരിറ്റി ക്കാരന്റെ ചോദ്യം ...ഇതെന്തു ഇംഗ്ലീഷ്‌ എന്നു ചിന്തിച്ചിരിക്കുമ്പോള്‍ സെക്യൂരിറ്റി അയാളുടെ മൊബൈല്‍ എടുത്തു തന്നു..ഞാന്‍ അതു വാങ്ങി ബാറില്‍ നിന്ന് ഇറങ്ങിയവനു ഫ്രീ ആയി മോരും വെള്ളം കിട്ടിയതു പോലെ ഇരുന്നു..കാരണം എങ്ങിനെ പ്രമോദിന്റെ നമ്പര്‍ ഡയല്‍ ചെയ്യും എന്നറിയില്ല...എന്റെ മൊബൈല്‍ നിരീക്ഷണം അതിന്റെ പാരമ്യതയില്‍ എത്തിയപ്പോള്‍ സെക്യൂരിറ്റിക്കാരനു കാര്യം മനസ്സിലായി..കൂടുതല്‍ ഞാന്‍ പണിഞ്ഞാല്‍ പിന്നെ ഫോണ്‍ കാണില്ല എന്നു മനസ്സിലാക്കി അയാള്‍ ഫോണ്‍ വാങ്ങി. എന്നിട്ടു എന്നോടു നമ്പര്‍ ചോദിച്ചു.അതു നോക്കി അയാള്‍ക്കു എന്റെ അവസ്ഥ മനസ്സിലായി.അയാള്‍ അതില്‍ നിന്നും ആവശ്യം ഉള്ള നമ്പര്‍ മാത്രം ഡയല്‍ ചെയ്ത്‌ എന്റെ കയ്യില്‍ തന്നു.അപ്പുറത്ത്‌ പ്രമോദിന്റെ സൗണ്ട്‌ കേട്ടപ്പോള്‍ കാട്ടില്‍ നിന്നും റോട്ടിലെത്തിയ ഒരു സന്തോഷം..അറിയാവുന്ന സകല തെറിയും ആദ്യമെ അവനെ വിളിച്ചു..തെറിവിളിയുടെ ഊക്കില്‍ ഇന്ത്യന്‍ എന്നു കണ്ടു വഴി ചോദിക്കാന്‍ വന്ന ഒരു ചേട്ടന്‍ വന്ന വഴി തിരിച്ചോടി..


എല്ലാം കഴിഞ്ഞപ്പോള്‍ അവന്‍ പറഞ്ഞു "നീ ഒന്നു തിരിഞ്ഞു നോക്കെട #$%&`*= മോനെ" തിരിഞ്ഞു നോക്കിയപ്പോള്‍ ചന്ദ്രലേഖയില്‍ മാമുക്കോയ കാണിക്കുന്ന പോലെ അവന്‍ പുറത്തു നിന്നു ഒപ്പന കളിക്കുന്നു..അവന്‍ ഞാന്‍ തിരിച്ചു കയറിയപ്പോളെ വന്നിരുന്നു..ഞാന്‍ വന്ന വഴി തിരിഞ്ഞു നോക്കത്തതു കൊണ്ട്‌ അവന്‍ അവിടെ കിടന്നു കാലും കൈയും ഇട്ടു സകല കേരള കലാരൂപങ്ങളും കാണിക്കുകയായിരുന്നു.അരവിന്ദന്‍ പറഞ്ഞ പോലെ(അരവിന്ദന്‍ തന്നെ അല്ലെ?)ബ്‌ഹ്‌..എന്ന ചിരിയുമായി അവന്റെ അടുത്തേക്കു നടക്കാന്‍ തുടങ്ങിയപ്പോള്‍ സെക്യൂരിറ്റി ചേട്ടന്‍ പിന്നില്‍ നിന്നും മാസ്താ..പാച്ചൊ..എന്നു പറഞ്ഞു..എന്റെ പേരു പാച്ചന്‍ എന്നു അല്ലാത്തതു കൊണ്ടു ഞാന്‍ നോക്കിയില്ല.(പിന്നീട്‌ ആണു അറിഞ്ഞതു "പാച്ചൊ" എന്നാല്‍ ലോക്കല്‍ ലാംഗ്വേജ്‌ ആയ "റ്റ്‌വി"(TWI)യില്‍ ക്ഷമിക്കണം എന്നാണു അര്‍ത്ഥം..കൂടുതല്‍ ഭാഷാ അബദ്ധങ്ങള്‍ പുറകെ വരുന്നുണ്ട്‌).


രണ്ടടി നടന്നപ്പൊള്‍ തോളില്‍ ഒരു കൈ..സെക്യൂരിറ്റി ചേട്ടന്‍..ഗിമ്മീ സംതിംഗ്‌...ഓ അപ്പം ചേട്ടന്‍ സേവനം ചെയ്തതല്ല..കീശയില്‍ 100 രൂപയില്‍ കുറഞ്ഞ നോട്ടും ഇല്ല...ഇവിടെ ചില്ലറയും കിട്ടില്ല..പണ്ടാരമടങ്ങട്ടെ എന്നു കരുതി 100 രൂപ തന്നെ കൊടുത്തു..പൊട്ടന്റെ കയ്യില്‍ കിട്ടിയ ലോട്ടറി ടിക്കറ്റ്‌ പോലെ അയാള്‍ അതു തിരിച്ചും മറിച്ചും നോക്കിയിട്ടു എന്റെ നേരെ നീട്ടി..എന്നിട്ടു പറഞ്ഞു..ഐ നൊ ടൈക്‌ ദിസ്‌..ഗിമ്മി സെടിസ്‌...ഈ കാലന്‍ ഇതെന്താ പറയുന്നെ..ഇവനു കാശു വേണ്ട ചെടി മതിയെന്നോ? നൊ ചെടി വിത്‌ മീ.. ഞാനും വിട്ടില്ല..ഉടനെ അയാള്‍ നട്ടപ്പാതിരക്കു മൂത്രം ഒഴിക്കാന്‍ എഴുന്നേറ്റവന്‍ പ്രേതത്തെ കണ്ട പോലെ അലറി കൂവി എന്തൊക്കെയൊ പറഞ്ഞു..അമ്മയാണെ ഒരക്ഷരം പോലും എനിക്കു മനസ്സിലായില്ല.ഞാന്‍ തിരിഞ്ഞു പ്രമൊദിനെ നോക്കിയപ്പോള്‍ അവന്‍ ഇനിയും ഞാന്‍ ഇവിടെ നിന്നാല്‍ അവന്‍ ആ ഗ്ലാസ്‌ തല്ലിപ്പൊളിച്ചു അകത്തു വരും എന്ന രീതിയില്‍ ഭരതനാട്യം കളിക്കുന്നു..ഞാന്‍ അറിയാവുന്ന രീതിയില്‍ ആ കാപ്പിരിയോടു പ്രമോദിനെ കാണിച്ചു എന്റെ കൂടെ അവിടെ വരാന്‍ പറഞ്ഞു..അതു മനസ്സിലായ അയാള്‍ എന്റെ കൂടെ വന്നു..നല്ലൊരു കൊടുങ്ങല്ലൂര്‍ സ്തുതിയോടെ പ്രമോദ്‌ എന്നെ വരവേറ്റു..

ഞാന്‍ കാര്യങ്ങള്‍ എല്ലാം വിശദീകരിച്ചു പറഞ്ഞപ്പോള്‍ പ്രമോദ്‌ അവന്റെ കീശയില്‍ നിന്നും ഒരു 10,000 സെടിസ്‌ എടുത്തു സെക്യൂരിറ്റിക്കു കൊടുത്തു...മോര്‍ച്ചറി സ്പിരിറ്റ്‌ മൂലവെട്ടി എന്നു കരുതി അടിച്ചവനെ പോലെ ഞാന്‍ എന്റെ പെട്ടിക്കു മുകളില്‍ ഇരുന്നു...ശബരിമല മുരുകാ..(ബൈജു സ്റ്റൈല്‍) ഒരു കാളിനു 10,000 രൂപയോ???? വീട്ടിലേക്ക്‌ അപ്പോള്‍ വിളിക്കണമെങ്ങില്‍ രണ്ടു മാസത്തെ ശമ്പളം വേണ്ടി വരുമല്ലോ???


എടാ ഇവിടെ ഒരു ചായക്കു എത്രയാടാ? പ്രമോദ്‌ : 10,000..ഒരു ഊണിനോ?30,000..എല്ലാം തീരുമാനമായി..എന്റെ സാലറി പറഞ്ഞതു ആകെ 75,000 രൂപ ആണു..അതു ഇവിടെ രണ്ടു നേരം ചോറുണ്ണാന്‍ പോലും ഇല്ല..എടാ ഞാന്‍ തിരിച്ചു പോകുകയാ..നീ എനിക്കു ഒരു ടിക്കറ്റ്‌ എടുത്തു താ..നാട്ടില്‍ ചെന്ന് സ്ഥലം വല്ലോം വിറ്റ്‌ നിന്റെ കാശു തരാം..അവന്‍ കാര്യം മനസ്സിലാകാതെ അന്തം വിട്ടു നില്‍ക്കുകയാണു..എടാ കൂവെ ..എനിക്കു ശമ്പളം ആകെ 75,000 രൂപ മാത്രമേ ഉള്ളൂ..അതു ഒരു ദിവസം ഫുഡ്‌ കഴിക്കാന്‍ പോലും തികയില്ല..പിന്നെ ഇവിടെ നിന്നിട്ടെന്താ കാര്യം...അതു കേട്ട അവന്‍ ബാധ കയരിവനെ പോലെ ചിരിച്ചു...ഇനി ഇവനും ഭക്ഷണം ഒന്നും കിട്ടാതെ പ്രാന്ത്‌ ആയൊ??ചിരിയൊന്നു അടങ്ങിയപ്പോള്‍ അവന്‍ ഉവാച..എടാ..ഇവിടെ കറന്‍സി സെടിസ്‌ ആണു. അതിന്റെ ഡിനോമിനേഷന്‍ തുടങ്ങുന്നതെ 1,000 നിന്നും ആണു..10,000 സെടി എന്നു പറഞ്ഞാല്‍ നമ്മുടെ 50 രൂപയെ ഉള്ളൂ..മാത്രമല്ല..നിന്റെ സാലറി ഇവിടെ കിട്ടില്ല..അതു നേരെ നിന്റെ ബാങ്ക്‌ എക്കൗണ്ടിലേക്കു പോകും..നിനക്കു ഇവിടുത്തെ ചിലവിനു ലോക്കല്‍ കറന്‍സി മാസമാസം അലവന്‍സ്‌ എന്ന പേരില്‍ കിട്ടും..അതു മതി നിനക്കു ലാവിഷ്‌ ആയി ഒരു മാസം കഴിയാന്‍..അതോടെ ബുക്ക്‌ ചെയ്ത ടിക്കറ്റ്‌ ഞാന്‍ മനസ്സില്‍ ക്യാന്‍സല്‍ ചെയ്തു..

കാറിലേക്കു നടക്കുമ്പോള്‍ ചുറ്റുവട്ടം ഒന്നു നോക്കി.നല്ല വൃത്തിയുള്ള സ്ഥലം. ഒരു ചപ്പു ചവറും എവിടെയും ഇല്ല..കാറില്‍ നമ്മളെ കാത്ത്‌ സിജിച്ചായനും അജിത്തും ഉണ്ടായിരുന്നു..ഞങ്ങള്‍ താമസ സ്ഥലമായ ടെസ്സാനോയിലേക്ക്‌ തിരിച്ചു..യാത്രക്കിടെ പ്രമോദ്‌ ഘാനയെ പറ്റി വിശദമായി പറഞ്ഞു.ഘാന ഒരു റിപ്പബ്ലിക്‌ ആണു..1957 വരെ അതു ഒരു ബ്രിട്ടീഷ്‌ കോളനി ആയിരുന്നു..അതുകൊണ്ടു തന്നെ ബ്രിട്ടീഷ്‌ കള്‍ചര്‍ അവരുടെ ജീവിതത്തിന്റെ ഭാഗമാണു...ഘാനയുടെ അയല്‍ വക്കക്കാരായ ടോഗൊയും ഐവറി കോസ്റ്റും ഫ്രെഞ്ച്‌ ഭാഷ സംസാരിക്കുന്നവരാണെങ്കിലും ഘാനയില്‍ ഇംഗ്ലീഷ്‌ ആണു..വെസ്റ്റ്‌ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ഏറ്റുവും സുരക്ഷിതം ഘാനയാണു...ഇവിടെ ഒരു സാധനവും ഉണ്ടാക്കുന്നില്ല..എല്ലാം ഇറക്കുമതി ചെയ്യുകയാണു..അതു കൊണ്ടു തന്നെ എല്ലാത്തിനും തീ പിടിച്ച വിലയും...ഇവിടുത്തെ വ്യാപാരം മുഴുവന്‍ സിന്ധികളുടെയും ലെബനീസുകലുടെയും കുത്തകയാണു. അവരാണെങ്കില്‍ വര്‍ഷങ്ങളായി ഇവിടെ സ്ഥിര താമസമാക്കിയവരും..പക്ഷെ ജോലിക്കു മുഴുവന്‍ ഇന്ത്യന്‍സ്‌ അല്ലെങ്കില്‍ ലെബനീസ്‌ ആണു..ലോക്കല്‍സ്‌ കുറഞ്ഞ സാലറിയില്‍ ജോലി ചെയ്തിട്ടും ഇന്ത്യന്‍സിനു ജോലി കിട്ടാന്‍ കാര്യം എന്താനെന്നോ..കാപ്പിരികളുടെ മോഷണം..എത്ര ശമ്പളം കിട്ടിയാലും തക്കം കിട്ടിയാല്‍ അവര്‍ മോഷ്ടിക്കും...അതോ മോഷ്ടിക്കുന്നത്‌ അവരുടെ ഭാഷയില്‍ ഒരു കുറ്റമല്ല...എന്റെ കയ്യില്‍ ഇല്ലാത്തതു കൊണ്ട്‌ ഞാന്‍ അവന്റെ കയ്യില്‍ നിന്നും എടുത്തു...അത്ര തന്നെ...മോഷ്ടാവിനെ സമൂഹത്തില്‍ നിന്നും ഒറ്റപ്പെടുത്തുന്ന ഒരു കാര്യവും അവിടെ ഇല്ല..അങ്ങനെ ഒറ്റപ്പെടുത്തേണ്ടി വന്നാല്‍ അവിടെ പിന്നെ കാപ്പിരികള്‍ കാണില്ല.അത്രക്കു വിശേഷപ്പെട്ട സ്വഭാവത്തിനു ഉടമകളായിരുന്നു അവര്‍..മാത്രമല്ല മഹാ മടിയന്മാരും..അവരുടെ ജോലികള്‍ എല്ലാം വിദേശികള്‍ കൊണ്ടു പോയിട്ടും അവര്‍ക്ക്‌ നമ്മളോട്‌ ബഹുമാനമാണു..അതിന്റെ കാരണം അവിടെയുള്ള ഇന്ത്യന്‍ റ്റീച്ചേഴ്‌സ്‌ ആണു..മാത്രമല്ല..കാപ്പിരികള്‍ക്കു ഭൂത പ്രേത പിശാചുക്കളില്‍ ഭയങ്കര വിശ്വാസം ആണു. അവരുടെ ഇടയിലും മന്ത്രവാദം എല്ലാം ഉണ്ട്‌.."ജുജു" എന്നണു അവര്‍ അതിനെ പറയുന്നത്‌..നൈജീരിയന്‍ സിനിമകളിലെ ഒരു അവിഭാജ്യ ഘടകം ആണു ഈ "ജുജു".."ജുജു" ചെയ്യുന്നവര്‍ക്കു ഇഷ്ടം പോലെ പൈസ ഉണ്ടാക്കാം, എന്തും ചെയ്യാം എന്നാണു അവര്‍ വിശ്വസിച്ചിരുന്നതു..പക്ഷെ ജുജു ആളുകള്‍ക്ക്‌ സന്താനലബ്ധി ഉണ്ടാകില്ല പോലും..അതുകൊണ്ടു മന്ത്രവാദികള്‍ അപൂര്‍വം ആയിരുന്നു...സിന്ധികള്‍ രാവിലെ പൂജ ചെയ്യുമ്പോള്‍ ചന്ദനത്തിരി കത്തിച്ചു പൂജ ചെയ്യും..അതുകണ്ട്‌ അവര്‍ ജുജുക്കാരാണെന്ന ഒരു തെറ്റിധാരണ ആളുകള്‍ക്ക്‌ ഉണ്ടായിരുന്നു...പക്ഷെ അവര്‍ക്ക്‌ കുട്ടികള്‍ ഉണ്ടായിരുന്നതു കൊണ്ട്‌ ഇവര്‍ മുന്തിയ ജുജുക്കാരാണു എന്നായിരുന്നു അവരുടെ വിശ്വാസം.

പിന്നെ സ്ത്രീകളുടെ കാര്യം..ഇവിടെ പുരുഷന്മാരേക്കാള്‍ വോയിസ്‌(ശബ്ദം അല്ല പവര്‍)സ്ത്രീകള്‍ക്കായിരുന്നു.. തലമുടിയും കളറും ഉണ്ടായിരുന്നെങ്കില്‍ എല്ലാ പ്രാവശ്യവും ഇവരായിരുന്നേനെ ലോക സുന്ദരികള്‍.അത്രക്കു ശരീര ഷേയ്പ്‌ ആണു ഇവിടുത്തെ സ്ത്രീകള്‍ക്ക്‌...ആഫ്രിക്കയിലെ ഗോള്‍ഡ്‌ മൈനുകളിലെ 60% വും ഘാനയിലാണു. പക്ഷെ ഇവിടുത്തെ സ്ത്രീകള്‍ക്കു സ്വര്‍ണത്തിനോട്‌ ഒരു ആക്രാന്തവും ഇല്ല..


(ഇനി ഞാന്‍ ഒരു ചായ കുടിച്ചു വരാം..ആരും പോകരുത്‌..ആഫ്രിക്കന്‍ യാത്ര വിവരണങ്ങള്‍ ഉടനെ എഴുതാം)

Saturday, 1 March 2008

കാപ്പിരികളുടെ നാട്ടില്‍

നാട്ടുകാര്‍ കൈ വെക്കും എന്ന സ്ഥിതി ആയപ്പോള്‍ പിന്നെ മദിരാശിയില്‍ നിന്നാല്‍ ചിലപ്പോള്‍ കേരളീയര്‍ക്ക്‌ ഒരു "മഹാ" ന്റെ നഷ്ടം സഹിക്കേണ്ടി വരും എന്നു തോന്നിയതിനാല്‍ കിട്ടിയ സമയം പാഴാക്കാതെ ഉടനെ വെസ്റ്റ്‌ ആഫ്രിക്കയില്‍ ശരിയായ ജോലിക്കു നാടുവിടുകയായിരുന്നു...മദിരാശിയില്‍ നിന്നും കേറുന്നതിനു മുന്‍പു ഗൂഗ്‌ളില്‍ ആദ്യം തപ്പിയതു ആഫ്രിക്കയില്‍ ഫുഡ്സ്‌ എന്താണു എന്നായിരുന്നു...നാട്ടുകാരനു പോകേണ്ട സ്ഥലമായ ഘാന എന്ന ഇടം പോലും ഗൂഗ്‌ളില്‍ കാണാന്‍ കഴിഞ്ഞില്ല..എന്തായാലും വളരെ കാലമായി അറിയുന്ന പ്രമോദ്‌ അവിടെ ഉള്ളതു കൊണ്ടു പേടിയൊന്നും തോന്നിയില്ല..ചെന്നൈയില്‍ നിന്നും നേരെ മുംബൈ അവിടെ നിന്നും എത്യൊപ്യ..അവിടുന്നു നേരെ അക്ക്ര(ക്യാപിറ്റല്‍ ഓഫ്‌ ഘാന), അതായിരുന്നു നമ്മുടെ ബീമാനം പോണ വയി...എന്തായാലും വിമാനത്തില്‍ കയറുന്നതു ആദ്യം.4 മണിക്കാണു വിമാനം പുറപ്പെടുന്നത്‌.നമ്മളു കേറിയ ഏറ്റുവും മുന്തിയ വണ്ടി തീവണ്ടി ആയിരുന്നു..അതില്‍ വരെ വൈകിട്ടു നാലു മണിയായാല്‍ കോളേജ്‌ പിള്ളേരുടെയും സ്കൂള്‍ കുട്ടികളുടെയും ജുഗല്‍ ബന്ദി ആകും എന്നു ഇത്രയും കാലത്തെ ഗവേഷണത്തില്‍ നിന്നും മനസ്സിലാക്കിയിരുന്നു...അതു കൊണ്ടു സെക്യൂരിറ്റി ചെക്കിംഗ്‌ കഴിഞ്ഞ ഉടനെ കയ്യിലുള്ള ബാഗും തൂക്കി ഫ്ലൈറ്റിലേക്കു ഓട്ടം ആയിരുന്നു..മെല്ലെ പോയാല്‍ സ്കൂള്‍ കുട്ടികള്‍ നിറഞ്ഞു സൈഡ്‌ സീറ്റ്‌ കിട്ടിയില്ലെങ്ങിലൊ? ഓട്ടം ഗേറ്റില്‍ അവസാനിച്ചു.സെക്യൂരിറ്റി ചേട്ടന്‍ ബസ്സ്‌ വരും എന്നു മൊഴിഞ്ഞതോടെ അതില്‍ ആദ്യം കയരാനുള്ള ശ്രമം തുടങ്ങി....എന്തായാലും കുട്ടികളെ ഒന്നും ചുറ്റും കാണത്തതു കൊണ്ടു അധികം തിരക്കു ഉണ്ടാക്കിയില്ല...വലതു കാല്‍ വചു ഫ്ലൈറ്റില്‍ കയറി.. ചെന്നപ്പോല്‍ ഒരു ചേച്ചി ഗുഡ്‌ ഈവെനിംഗ്‌ മൊഴിഞ്ഞു സീറ്റ്‌ കാണിച്ചു തന്നു..ഫ്ലൈറ്റില്‍ നിന്നും നെരെ നമുക്കു ഘാന യിലെക്കു പോകാം..(ഫ്ലൈറ്റിലെ വിശേഷങ്ങല്‍ വേറൊരു പോസ്റ്റ്‌ ആക്കാം) പിറ്റെ ദിവസം ആയപ്പോള്‍ അക്ക്ര എയര്‍പോര്‍ട്ടില്‍ ഞാനെത്തി..അവിടെ ചെന്നപ്പൊള്‍ കുറെ പല്ലു സെറ്റുകള്‍ വായുവില്‍ കൂടി ഒഴുകി വരുന്നു..സൂക്ഷിച്ചു നോക്കിയപ്പോള്‍ പല്ലു സെറ്റുകളുടെ കൂടെ അതിന്റെ ഉടമകളും ഉണ്ട്‌.അത്രക്കു ട്രേഡ്‌ മാര്‍ക്ക്‌ കറുപ്പ്‌ ആളുകള്‍...പുറത്തു വന്നു നോക്കിയപ്പൊല്‍ പ്രമോദിനെ കണ്ടില്ല. കുറച്ചു നേരം കാത്തു നില്‍ക്കാം എന്നു കരുതി..ആ സമയം കൊണ്ടു അവിടെ എല്ലാം ഒന്നു ചുറ്റി കറങ്ങി..പക്ഷെ 15 മിനിറ്റ്‌ നിന്നിട്ടും അവനെ കനാഞ്ഞപ്പോള്‍ അതു വരെ ഉണ്ടായിരുന്ന ധൈര്യം എല്ലാം പോയി..ഇനി ഞാന്‍ എറങ്ങേണ്ട സ്ഥലത്തു തന്നെ അല്ലെ ഇറങ്ങിയത്‌??? റയില്‍വേസ്റ്റേഷനിലെ പോലെ ബോര്‍ഡ്‌ ഒന്നും കാണുന്നും ഇല്ല..അപ്പോളാനു പ്രമോദിന്റെ മൊബൈല്‍ നമ്പര്‍ കയ്യില്‍ ഉണ്ടല്ലൊ എന്നു ഓര്‍മ വന്നത്‌ ...പക്ഷെ അതില്‍ നമ്മുടെ ഇന്ത്യയില്‍ നിന്നും വിളിക്കാനുള്ള കോഡ്‌ എല്ലാം ചേര്‍ന്നതായിരുന്നു.ലോക്കല്‍ ആയി വിളിക്കുമ്പോള്‍ എങ്ങിനെ വിളിക്കണം എന്നറിയില്ല...അതിനു മുന്‍പെ എവിടെ നിന്നാണു വിളിക്കേണ്ടത്‌ എന്നു നോക്കി നടന്നു..നോക്കുമ്പോള്‍ മൂലയില്‍ അവന്‍ പതുങ്ങി ഇരിപ്പുണ്ടു...അടുത്തു ചെന്നു നോക്കിയപ്പോള്‍ കോയിന്‍ ഇടാനുള്ള ഹോള്‍ ഒന്നും കണ്ടില്ല.."ശ്ശെടാ ഈ കുന്തം ഇനി ഫ്രീ ആയിട്ടു വിളിക്കാനുള്ളതാണോ? അല്ല എന്നു റീസീവര്‍ എടുത്തു നോക്കിയപ്പോള്‍ മനസ്സിലായി. കാരണം ഒരു മൂളല്‍ അല്ലാതെ ഡയല്‍ ടോണ്‍ ഇല്ലായിരുന്നു...മാത്രമല്ല ഡിസ്‌പ്ലേയില്‍ "പ്ലീസ്‌ ഇന്‍സെര്‍ട്‌ യുവര്‍ കാര്‍ഡ്‌" എന്നും കാണിച്ചു.അപ്പോള്‍ കാര്‍ഡ്‌ വേണം. അതിനി എവിടെ നിന്നും കിട്ടും..അടുത്തു കണ്ട ഒരു കാപ്പിരി ചേട്ടനോടു കാര്‍ഡ്‌ എവിടെ കിട്ടും എന്നു ഇന്ത്യന്‍ ഇംഗ്ലീഷില്‍ ചോദിച്ചു..ചേട്ടന്‍ ചേട്ടന്റെ ഇംഗ്ലീഷില്‍ മറുപടിയും തന്നു..."സന്തൊഷമായി ഗോപിയേട്ടാ"കാരണം ഒന്നും മനസ്സിലായില്ല അതു തന്നെ..എന്റെ "പാര്‍ഡന്‍ മീ" എല്ലാം നിര്‍ദയം തള്ളി ആ കാപ്പിരി പോയി..അതൊടെ ഘാനയില്‍ ഭാഷ അറിയാതെ പിച്ച തെണ്ടിയിട്ടു ഒരു പൈസ പോലും കിട്ടാതെ പട്ടിണി കിടന്നു മരിക്കുന്ന സീന്‍ വരെ എന്റെ മനസ്സിലെ പ്രൈവറ്റ്‌ സിനിമ കൊട്ടകയില്‍ കിടന്നു ഹൗസ്‌ ഫുള്‍ ആയി ഓടിക്കൊണ്ടിരുന്നു.അപ്പോലാണു നമ്മുടെ കുറുമാന്‍ ചേട്ടനു പണ്ടു കിട്ടിയതു പൊലെ ഒരു സിഖന്‍ ചേട്ടന്‍ വരുന്നതു കണ്ടത്‌..കണ്ടപാതി ചാടിവീണു ഞാന്‍ ഇംഗ്ലീഷ്‌ മലയാളം ഹിന്ദി തമിഴ്‌ എല്ലാം ചേര്‍ത്ത്‌ സിഖേട്ടനോട്‌ ഒന്നു ഫോണ്‍ ചെയ്യണം എന്നു പരഞ്ഞു...ഓഹ്‌..രക്ഷപെട്ടു എന്നു കരുതി ഇരുന്നപ്പോലാണു അയാള്‍ ആ ഞെട്ടിപ്പിക്കുന സത്യം പറഞ്ഞത്‌..സിഖും എന്നെ പോലെ ഘാനയില്‍ ആദ്യം ആയിട്ടാണു ..ചേട്ടനും ഫോണ്‍ ചെയ്യാന്‍ തപ്പുകയാണു..ഒരു വ്യത്യാസം.. ചേട്ടന്‍ കുറച്ചു കാലം നൈജീരിയയില്‍ ഉണ്ടായിരുന്നതു കൊണ്ടു കാപ്പിരികളുടെ ഇംഗ്ലീഷ്‌ മനസ്സിലാകും.."മൂക്കില്ലാ രാജ്യത്ത്‌ മുറിമൂക്കന്‍ രാജാവ്‌" എന്നു കരുതി സിഖേട്ടന്‍ മാത്രം കീ ജെയ്‌ എന്നു വിളിച്ചു ഞങ്ങള്‍ അടുത്ത ഒരു കാപ്പിരിയെ സമീപിച്ചു..സിഖെട്ടന്‍ അയാളോടു ഇംഗ്ലീഷില്‍ എന്തൊക്കെയൊ സംസാരിചു.ഇംഗ്ലീഷ്‌ ആണെന്നു എനിക്കു മനസ്സിലായത്‌ രണ്ടു പേരും ഇടക്കിടെ."ഓകെ" എന്നും "യാ..യാ" എന്നും പറയുന്നതു കേട്ടും മാത്രം ആയിരുന്നു...എന്റെ കാര്യത്തില്‍ ഒരു തീരുമാനം ആയി എന്നു ആ ലാംഗ്വേജ്‌ കേട്ടതൊടെ എനിക്കു മനസ്സിലായി...എന്തായാലും അടുത്തുള്ള കടയില്‍ കാര്‍ഡ്‌ കിട്ടും എന്നു മനസ്സിലായി..അപ്പോഴേക്കും സിഖന്റെ ആള്‍ എത്തി..അയാള്‍ ഉടനെ മുങ്ങി..നമ്മള്‍ ഒരു നൂറിന്റെ നോട്ടെടുത്ത്‌ കടക്കാരനു കൊടുത്തു.. ഒരു ടെലിഫോണ്‍ കാര്‍ഡ്‌ പറഞ്ഞു..അയാള്‍ അതു തിരിച്ചും മറിച്ചും നോക്കിയിട്ടു എന്തോ പറഞ്ഞു തിരിച്ചു തന്നു...അപ്പൊല്‍ വീണ്ടുമൊരു കാര്യം മനസ്സിലായി...മുംബൈയില്‍ നിന്നും ഡോളര്‍ മാറ്റിയില്ല..ഇവിടെ മള്‍റ്റി കറന്‍സി കൈമാറ്റം നടക്കുമെങ്ങിലും ഇന്ത്യന്‍ കറന്‍സി എദുക്കില്ല...എന്റെ സ്വന്തം കൊട്ടകയില്‍ വീണ്ടും ഒരു പടം ഹൗസ്‌ ഫുള്‍ റിലീസ്‌ ആയി...കുരച്ചു നേരം അവിടെ എല്ലം ചുറ്റികറങ്ങി..ഫോറെക്സ്‌ ബ്യൂറോ കണ്ടു പിടിച്ചു...കൗണ്ടറില്‍ ശൂര്‍പ്പണകയുടെ അനിയത്തിയെ പോലെ ഉള്ള ചേച്ചിയുടെ കയ്യില്‍ ഒരു 2000 രൂപ കൊടുത്തു ഡോളര്‍ തരാന്‍ പറഞ്ഞു...ഫോറിനേഴ്സിനോടു ഇടപെടുന്നതു കൊണ്ടാകം ചേച്ചിയുടെ ഇംഗ്ലീഷ്‌ കുരച്ചു മനസ്സിലായി.പക്ഷെ ആ ഇംഗ്ലീഷ്‌ കേല്‍ക്കാതതായിരുന്നു നല്ലതു എന്നെനിക്കു തോന്നി കാരണം ചേച്ചി പറഞ്ഞതു ഇന്ത്യന്‍ റുപീസ്‌ അവിടെ മാറാന്‍ പറ്റില്ല എന്നായിരുന്നു..അതോടെ നാലഞ്ചു മല്‍ട്ടികളര്‍ ഹൊറര്‍ മൂവീസ്‌ ഒരേ ടൈം എന്റെ കൊട്ടകയില്‍ ഓടി..ഇനി എന്താണു വഴി എന്നു നോക്കിയിരിക്കുമ്പോള്‍ കുറെ നേരമായി എന്റെ ചുറ്റികളികള്‍ ശ്രദ്ധിച്ചുകൊണ്ടിരുന്ന ഒരു സെക്യൂരിറ്റിക്കാരന്‍ വന്നു എന്തോ ചൊദിച്ചു? ഞാന്‍ "ങ്‌ഹേ"...എന്നു 3 വട്ടം അയാളുടെ ചോദ്യത്തിനു മറുപടി പറഞ്ഞപ്പോള്‍ അയാള്‍ സ്ലോ ആയി പരഞ്ഞു.. (തുടരും....എഴുതി ക്ഷീണിച്ചതു കൊണ്ടാ..അല്ലാതെ തുടരന്‍ ആക്കാനൊന്നും അല്ല..എല്ലാവരെയും പോലെ എനിക്കു ടൈപ്പിംഗ്‌ സ്പീഡ്‌ ഇല്ല..ബാക്കി ഉടനെ എഴുതി നിങ്ങളെ കൊല്ലുന്നതായിരിക്കും)

Saturday, 23 February 2008

ഒരു അറിയിപ്പുണ്ട്‌....

കൂട്ടുകാരെ....കൂയ്‌... ഞാനും വന്നു... ഇനി നിങ്ങളെ ബോര്‍ അടിപ്പിച്ചു ഞാന്‍ ഒരു വഴിക്കാക്കും....ഇവിടെ വരെ വന്നപ്പോഴെക്കും നല്ല ക്ഷീണം ...ഒരു മൂലവെട്ടി അടിച്ചു ചുള്ളന്‍ ആയി ഞാനും വരാം...പ്ലീസ്‌..... ആരും പോകരുത്‌..ഞാന്‍ ഇന്നു നിങ്ങളുടെ കയ്യില്‍ നിന്നും വാങ്ങിയിട്ടെ പോകൂ...അതു കൊണ്ടു എല്ലാവരും കല്ല്, കട്ട, ഇടിക്കട്ട, കൊടുവാള്‍, കത്തി എന്നിവയുമായി അക്ഷ്മരായി....അഷ്കമരായി....പുല്ല്ല്...അതായി ഇരിക്കണെ....